Thursday, 25 October 2012

Tuesday, 23 October 2012

നീയും ഞാനും.........



പ്രിയേ നോക്കു..
മഞ്ഞുറഞ്ഞ ഈ പ്രഭാതത്തില്‍
മരവിച്ച വികാരങ്ങള്‍ പിന്നോട്ടു വലിക്കുമ്പോള്
‍നിന്റെയീ റോസാപ്പൂ. !!!
ദൂരെ മേഘാവൃത ഹിമശൃംഗങ്ങളെ സാക്ഷിയാക്കി
തുടിക്കും ഹൃദയം തൊട്ട്‌
ഒരു മൂളിപ്പാട്ട്‌ നിനക്കായി എസ്‌.എം എസ്‌ ചെയ്യുകയാണ്‌.......
.......
കാഴ്‌ച്ചയ്‌ക്ക്‌ വെള്ളെഴുത്ത്‌ ബാധിച്ച കാലം
കേള്‍വിക്ക്‌ കാസ രോഗവും
ഓര്‍മ്മകളില്‍ ഉഷ്‌ണരോഗവും
അനുഭവങ്ങളില്‍ അസ്ഥിസ്രാവവുമായി നമ്മള്
‍കാറ്റില്ലാതെ കുളിരില്ലാതെ മൊബൈല്‍ ചെയ്യപ്പെടുന്ന
പ്രണയ വികാരങ്ങള്‍ക്കൊപ്പം
നീയും ഞാനും കറ്റാടി കൊമ്പത്ത്‌ .

നോക്കു നഞ്ചുണ്ടസ്വാമി മരിച്ചു
അറിയൂ.. . . .

കൊല്ലുകയായിരുന്നു
അഴിമതിയുടെ ആ രാക്ഷസ കനാല്‍
മുഴുപ്പട്ടിണിയുടെ ഉഷ്‌ണ ജല വാഹിനി
അയാള്‍ക്ക്‌ മേല്‍പതിക്കയായിരുന്നു . . .
ചിരിക്കേണ്ട.!!!
നിനക്ക്‌ നഞ്ചാമണിയുടെ മുഖമാണ്‌
ചാമരാജനഗറിലെ ഏതോ ചേരിയില്‍
ചാക്കുമറയ്‌ക്കുള്ളില്‍
പട്ടിണിക്കണ്ണുകളെ വേവിച്ചങ്ങനെ നീ
മരണം തുന്നിയ മോഹചിറകേറി ഞാന്
‍സോറി...
ഈ വാലെന്റെയിന്‍സ്‌ ഡേയില്‍
നമുക്ക്‌ പ്രാക്‌ടിക്കലാകാം
നമുക്കീ കഫേ.. പിസ്സാ 
പിന്നെ ..................................

Saturday, 20 October 2012

നനഞ്ഞ തീപ്പെട്ടിക്കൊള്ളി.

നനഞ്ഞ തീപ്പെട്ടിക്കൊള്ളി.
തീപ്പെട്ടിക്കുള്ളിലെ കൊള്ളികള്‍പ്പോലെ
ഒരു തീകൊളുത്തലിനൊരുമ്പെടുന്ന മൂലകം
ഉള്ളിലൊളിപ്പിച്ചുള്ള ഈ നടത്തംതൂടങ്ങിയിട്ട്
നാളെറെയായെങ്കിലും
അറിയാതെപോലും
തിരിഞ്ഞുനിന്നുചോദിക്കാനാവാത്തതിന്‍റെസത്യം
നിങ്ങള്‍ക്കൊരുപക്ഷെ അറിയാമായിരിക്കാം
ആത്മാവ് പണയപ്പെടുത്തിയും മനസാക്ഷി മുറിച്ചു വിറ്റും
മത്സരിച്ചുള്ള വെട്ടിലും കുത്തിലും
നിന്നൊലിക്കുന്നു
എന്‍റെ നിസ്വമായ ജീവിതം
നിനക്കിതല്ലാതെ വഴിയില്ലെന്ന വിധം
ഉപാധികളെല്ലാം അവര്‍ക്കനുകൂലമാകുമ്പോള്‍
പെയ്യാത്ത മഴയിലും ചോര്‍ന്നൊലിക്കുന്നു
എന്‍റെ വിഹ്വലമായ ദിനങ്ങള്‍
വാക്കുകളെ വരിയുടച്ചും വിളിച്ചു വിറ്റും
മണ്ണും മരവും വേണമെന്ന
എന്‍റെ ജല്പനങ്ങളെ
കാര്‍പ്പിച്ചുതുപ്പി നീങ്ങുന്നു
കാല്പാടുകളില്ലാത്തവരുടെ
കാനനയാത്രകള്‍....
നിനക്കുവേണമെങ്കിലീതോണിയിലൊരിടംതരാം
നാളെഎന്നോടൊപ്പമൊരുരാത്രിപങ്കിടാമെങ്കിലെന്ന്
ഉളുപ്പില്ലാതെ പറഞ്ഞു നിര്‍ത്തുന്നു
വികസനോന്മുഖ യുവ സാഹിതീയന്മാര്‍.....

മലാല

 മലാല , വില്ലോ മരങ്ങളുടെ  ശുഷ്‌കിച്ച കൊമ്പിന്‍ച്ചോട്ടില്‍
നീ സ്വപ്‌നം കണ്ടിരുന്ന ചരള്‍ക്കല്ലുകളൈല്ലാം
 രക്തം പുരണ്ട് കറുത്തിരിക്കുന്നു,.
ഒരുമീവല്‍ പക്ഷി
അവയ്ക്ക്‌മേല്‍ ചിറകൊതുക്കി തളര്‍ന്നിരിക്കുന്നു....
 നക്ഷത്രങ്ങല്‍ നിന്റെ ഉയിര്‍പ്പിനായി
നോമ്പുനോക്കുന്നു....
താഴ് വരയിയില്‍ന്നും പറന്നുവന്നിരുന്ന ചിന്നന്‍ കുരുവികള്‍
നിന്റെ വീട്ടുമുറ്റത്ത് നിശബ്ദരാകുന്നു...
നിന്റെ പൂച്ചകുട്ടികള്‍
കരഞ്ഞ് കരഞ്ഞ്തളര്‍ന്നിരിക്കുന്നു
അവയ്ക്കറിയില്ലല്ലോ
 നീ ദൂരെ
കരുവാളിച്ചഹൃദയത്തില്‍
മിടിച്ചുതളരുന്നത്........
സ്വത്ത് താഴ്വര
 
ഇപ്പോള്‍
ശീതക്കാറ്റില്‍ നിന്നും ഉടല്‍ മറച്ച് പിടിച്ച്
അമ്മമാര്‍ നിനക്ക് വേണ്ടി ദുവാ ചൊല്ലുന്നുണ്ടാകും
  നീ തളരാത്ത ആര്‍ജ്ജവം കൊണ്ട്
ആറ്റിയെടുത്ത വാക്കുകളില്‍ നിന്നും                                     
ഇനിയൊരു പുതിയ ലോകം ഉണരാതെ വയ്യ
 താഴ്‌വരയില്‍
 പാറപൂക്കള്‍ വിരിയാതെ വയ്യ
 സര്‍വ്വ ശക്തന്റെ കാരുണ്യം
നിന്റെ പ്രജ്ഞയ്ക്ക് ദ്യോവെകിയ പോലെ
 സ്വാതന്ത്യം   സ്വപ്‌നം കാണുന്നവര്‍ക്കെലാം  
മറയിടാത്ത ചിന്തകളാല്‍
മുഖമുയര്‍ത്താതെവയ്യ.
 നിന്റെ  ബലി  അവര്‍ക്ക് പ്രഭാതമാകട്ടെ......  

Thursday, 18 October 2012

അവള്‍ ഉറങ്ങുകയാവും....
 ഒരുപക്ഷെ മഖമമര്‍ത്തി കരയുകയാവും .
എനിക്കെന്താണ് ...ഒന്നുമില്ല
കരച്ചിലിനൊടുക്കം
വീണ്ടും ഞങ്ങള്‍ക്കൊരിക്കല്‍കൂടി
ഉരുകിയൊലിക്കണം.
മഞ്ഞുകട്ടയില്‍
കനല്‍ക്കാറ്റ് പെയ്താലെന്നപോലെ....


 
മൂടല്‍മഞ്ഞിന്റെ ആവരണമണിഞ്ഞ്
മുക്കുറ്റിപ്പൂക്കളെകൊണ്ട് നിറഞ്ഞ പാതയില്‍
എനിക്കുമാത്രമായ്
എപ്പഴാണ് ഞാന്‍ നൃത്തം വെക്കുക.
എപ്പഴാണ് എനിക്കുമാത്രമായ് ഒരു മൂളിപ്പാട്ടെങ്കിലും പാടുക
എപ്പഴാണ് സൂര്യകണങ്ങളെ ധ്യാനിച്ച്
ഈ വയലെല്ലാം നടക്കുക
തൊട്ടാവാടിയോടും കാശിത്തുമ്പയോടും
ആത്മീയതയുടെ അര്‍ത്ഥമാരായുക
ചവിട്ടിക്കടന്ന കരിയിലകളില്‍നിന്നും ജീവിതത്തിന്‍റെ
പഴംകഥമെനയുക.
പക്ഷികളില്‍നിന്നും പൂമ്പാറ്റകളില്‍നിന്നും 
നിസ്വാര്‍ത്ഥതയുടെആദ്യാക്ഷരം കുറിക്കുക..
..................
നിലാവത്ത് ഈ പുഴയെല്ലാം 
നിന്നോടൊപ്പം നീന്തണം
എനിക്ക് മാത്രമായ്
ആനന്ദത്തി ന്‍റെ..
ലാസ്യഭാവമാര്‍ന്ന നിന്‍െ
ഉടലിന്‍റെ നിറക്കൂട്ടുകൊണ്ട്
എന്‍റെ അപ്രതിരോധ്യമായ
ആത്മാവിഷ്ക്കാരങ്ങളെ
ഈ നീലാകാശത്തിന്‍റെ
അന്ത്യമില്ലാത്ത ക്യാന്‍വാസില്‍ പകര്‍ത്തിയിട​ണം
അതില്‍ നിന്നും നാളെ
നമുക്കായ്
നിറയെ ചിരിക്കുന്ന
കുഞ്ഞുമലര്‍കളാല്‍
ഈ ലോകം നിറയുമ്പോള്‍
നമ്മള്‍
പരസ്പരം കെട്ടിയപട്ടമായ്
മേഘസാഗരം തേടിയുയരും.........

Tuesday, 16 October 2012

 നീ ഒരു നിലാവളളിപ്പോലെ...
മുക്കുററിപ്പൂവിന്റെ
നിലനില്പ്പു മാത്രമായ്.....
 പാത നിറയുപ്പോഴും
  പരിഭവത്തിന്റെ  ചെറുതിരയിളക്കമായ്...
 ഇളം തെന്നല്‍  നമ്മെ ചൂഴ്ന്ന് നില്ക്കുന്നു.
ഉച്ച വെയില്‍  ഉടല്‍ തളര്‍ത്തുന്നു
പരസ്പരം നിന്ന് പൊള്ളുന്നു
വിളംബ കാലത്തില്‍ ഒഴുകുന്ന  പുഴ പോലെ നാം
 പതിയെ   ഈ കനല്‍പ്പാടമെല്ലാം
അതൃപ്തിയുടെ   ചെറു വണ്ടിയെറി
അക്ഷമരായി  കടക്കാം.....
നിന്നോട് കലഹിച്ച് എനിയക്ക്  മതിയാകണില്ല.




Thursday, 11 October 2012



വാടകയ്‌ക്കെടുത്തതാണെങ്കിലും വീടുണ്ട്.

വിഴുപ്പലക്കിയും ജീവിക്കുന്നുണ്ട്.

നെറ്‌കേടുകാട്ടിയും വളരുന്നുണ്ട്.

പരിഹാസമേറ്റും

മനസ്സ് മരവിച്ചും നിന്നടുത്ത് ഞാന്‍

നാണംകെട്ട എന്നെ ഇറക്കി വെയ്ക്കാറുമുണ്ട്

.... ഇതല്ലാതെ ....

സത്യമെന്തെന്ന് ചോദിച്ചാല്‍

ഇടം വലം തിരിയാനൊരിടമില്ലെന്ന

അറിവിലേയ്ക്ക് നീ ചൂട്ടുകറ്റ വീശിയെറിയുന്നതും

കര ചവിട്ടി നില്ക്കാനാകാത്ത വിധം നിന്ന് പൊള്ളുന്നതും

കരിഞ്ഞുപോയ തുമ്പപൂക്കളുടേയും നിശാഗന്ധിയുടേയും

ഈ ഊഷര ഭൂമിയില്‍

മഴക്കാറുകളെ പ്രണയിച്ച്

ഞാന്‍ നിസ്വനാകുന്നതു മാത്രം സത്യം........

Friday, 5 October 2012


മഴ  നനഞ്ഞു നീ വഴിയിൽ നില്ക്കുമ്പോൾ

ഇടിമുഴക്കങ്ങൾ വഴി തെളിക്കുമ്പോൾ

 പ്രണയ പാഷാണ മധുരമായ് നിന്റെ

ചൊടി നുകർന്നു ഞാനിരുളിൽ മിന്നുമ്പോൾ

 ഇവിടെ മഴ പ്രണയ വ്യാപാര

പ്പുഴുവരിക്കലായ്   മേനി കൊയ്യുമ്പോൾ.....

 കുതറി മാറുവാനാകാതെ നീയെന്റെ

കര വലയത്തിലടിഞ്ഞു കൂടുമ്പോൾ

ഇനിയുറക്കെ നീ കരയുമെന്കിലീ

കടലു നീന്നെയൊരു തിരയിലേറ്റി

 മറു- കരയിലാക്കിടും.....................